ബർലിൻ: പടിഞ്ഞാറൻ ജർമനിയിലെ ജെൽസെങ്കിർച്ചെൻ നഗരത്തിലെ ബാങ്കിൽ വൻ കൊള്ള. 3000 ലോക്കറുകൾ തകർത്ത കൊള്ളക്കാർ 350 കോടി ഡോളർ (ഏകദേശം 300 കോടി രൂപ) വിലമതിക്കുന്ന പണവും സ്വർണവും മറ്റ് ആഭരണങ്ങളും കവർച്ച ചെയ്തു.
ബാങ്കിന്റെ അതീവസുരക്ഷയുള്ള നിലവറയുടെ മുറിയിൽ വലിയ ഡ്രിൽ ഉപയോഗിച്ചു തുരന്നു കയറിയാണു കൊള്ള നടത്തിയത്. പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 3.58 ന് ബാങ്കിൽ ഫയർ അലാറം മുഴങ്ങിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോലീസ് എത്തിയപ്പോഴേയ്ക്കും കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു.
തുരങ്കം തീർത്താണ് കൊള്ളക്കാർ ബാങ്കിന്റെ നിലവറയിലേക്ക് എത്തിയത്. ആധുനിക ജർമനിയിലെ ഏറ്റവും വലിയ കൊള്ളയാണിത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും നിരീക്ഷിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.